പ്രതീകാത്മകചിത്രം | Photo : ANI
ഗാന്ധിനഗര്‍: ശാരീരികവും മാനസികവുമായ വേദന ഗ്രഹിക്കാന്‍ മൃഗങ്ങള്‍ക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ശാരീരികപീഡനത്തിന്റെ തീവ്രത അനുഭവിക്കാന്‍ മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ 11(1) (d), 11(1) (e), 11(1) (f),11(1) (h)വകുപ്പുകള്‍, മൃഗസംരക്ഷണ നിയമത്തിന്റെ 6A (4), 6(1) (3), 8(2)വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്ന ബെഞ്ച് മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം, മൃഗസംരക്ഷണ നിയമം എന്നിവ നിര്‍മിച്ചിരിക്കുന്നതെന്നും നിരീക്ഷിച്ചു.
2020 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 പശുക്കളേയും 7 കന്നുക്കുട്ടികളേയും കാലുകളും കഴുത്തും ബന്ധിച്ച് നിഷ്ഠൂരമായ വിധത്തില്‍ കടത്തിയ ട്രക്ക് കേസിലെ പരാതിക്കാരനും പോലീസ് കോണ്‍സ്റ്റബിളുമായ നിതേഷ്ഭായിയും സഹപ്രവര്‍ത്തകരും തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ മൃഗങ്ങള്‍ക്ക് വെള്ളത്തിനോ ഭക്ഷണത്തിനോ ഉള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.
ട്രക്കിന്റെ ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കേസന്വേഷണത്തിനിടെ സമാനമായ മറ്റൊരു കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. കാലികളെ വാങ്ങുകയും വില്‍ക്കുകയും പ്രവൃത്തിയിലാണ് താനേര്‍പ്പെട്ടിരിക്കുന്നതെന്നും മൃഗങ്ങളുടെ കശാപ്പില്‍ തനിക്ക് പങ്കില്ലെന്നും പ്രതി ജാമ്യാപേക്ഷയില്‍ പറഞ്ഞു. തന്റെ മേല്‍ ചുമത്തിയ സമാന കേസ് വ്യാജമാണെന്നും പ്രതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Animals, Like Human Beings Can Understand Physical Mental Pain Gujarat HC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..