ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിര്‍മാതാക്കള്‍. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി. 

കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണ ഫലങ്ങള്‍ ഭാരത് ബയോടെക് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നുവെന്നും പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ട്വീറ്റ് ചെയ്തു.

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്. ആദ്യ ഘട്ട പരിശോധനയുടെ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

 ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 

Content Highlights: Animal Trials Proved Efficacy of Covid-19 Vaccine 'Covaxin', Says Bharat Biotech