ന്യൂഡല്‍ഹി: 2016 ല്‍ കേന്ദ്രമന്ത്രിസഭ പുന:സംഘടയുടെ ഭാഗമായി മന്ത്രിസഭയിലെത്തിയപ്പോള്‍ തീര്‍ത്തും അനുയോജ്യമായ വകുപ്പായിരുന്നു അനില്‍ മാധവ് ദവെക്ക് ലഭിച്ചത്. വലിയ പരിസ്ഥിതി സ്നേഹിയായിരുന്നു ദവെ. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം നര്‍മദ നദിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Read more -  കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന നിലയിലും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ദവെ പ്രാമുഖ്യം നല്‍കിയത്. നദികള്‍ മലിനമാക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനായിരുന്നു മന്ത്രിയായ ശേഷമുള്ള ദവെയുടെ ആദ്യ തീരുമാനം. മലിനീകരണം തടയാനും ജലശ്രോതസുകള്‍ സംരക്ഷിക്കാനും ശക്തമായ നടപടികള്‍ ഉള്‍ക്കൊള്ളുന്ന നിയമത്തിനായിരുന്നു ദവെ ശുപാര്‍ശ ചെയ്തത്. 

ഗംഗയടക്കമുള്ള നദികളില്‍ മലിനീകരണം തടയാന്‍ നിരീക്ഷണ സംവിധാനമടക്കം ഒരുക്കാന്‍ നദികളുടെ കണക്കെടുപ്പ് നടത്താനും മന്ത്രി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച ബില്ലിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

മന്ത്രിയാകുന്നതിനു മുമ്പ് രാജ്യസഭയിലെ ജലവിഭവ കമ്മിറ്റി, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഭാഗമായ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 2010 മാര്‍ച്ച് മുതല്‍ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയുടെ പാര്‍ലമെന്ററി ഫോറത്തിലും ദവെ അംഗമായിരുന്നു.

അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബര്‍ണഗറിലെ ഉജ്ജയിന്‍ സ്വദേശിയാണ്. ഗുജറാത്തി കോളജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം നേടി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ' അമര്‍ കണ്ഡക് ടു അമര്‍ കണ്ഡക്', ' ബിയോണ്ട കോപ്പണ്‍ഹഗെന്‍' എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.