ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു. ആര്‍.എസ്.എസിലൂടെയാണ് പൊതുരംഗത്തെത്തിയത്. 2016 ജൂലായ് ആറിനാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്. 2009 മുതല്‍ രാജ്യസഭാംഗമാണ്.

കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു. മറ്റ് പ്രമുഖ നേതാക്കളും കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ അനുശോചിച്ചു.

മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുള്ള ഭട്‌നാഗറില്‍ 1956 ജൂലായ് ആറിനാണ് ദവെയുടെ ജനനം. ഇന്‍ഡോര്‍ ഗുജറാത്തി കോളേജില്‍നിന്ന് ബി കോം ബുരുദമെടുത്തു. കോളേജ് യൂണിയന്‍ പ്രസിഡന്റായിരുന്നു. പിന്നീട് ആര്‍.എസ്.എസ്സില്‍ ചേര്‍ന്ന അദ്ദേഹം നര്‍മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

Read more -  സ്വയം സേവകനായി തുടക്കം, പ്രകൃതി സ്‌നേഹിയായ മന്ത്രി

ദവെ കേരളത്തെ അറിഞ്ഞ മന്ത്രി