അനിൽ. കെ ആന്റണി | Photo:Facebook:www.facebook.com/antonyanilk
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണി പാര്‍ട്ടി പദവികളില്‍നിന്ന് രാജിവെച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ് അനിലിന്റെ രാജിപ്രഖ്യാപനം.
പാര്‍ട്ടി നേതൃത്വം സ്തുതിപാഠകരുടെ വലയിലാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണി തുറന്നടിച്ചു. കോണ്‍ഗ്രസിലെ മെരിറ്റ് പാദസേവയും മുഖസ്തുതിയുമാണെന്നും രാജിക്കത്തില്‍ അനില്‍ വിമര്‍ശിച്ചു.
പദവികള്‍ വഹിച്ചിരുന്ന കാലത്ത് പിന്തുണ നല്കിയ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പെടെ രാജിക്കത്തില്‍ അനില്‍ പ്രത്യേകം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ശശി തരൂര്‍ എംപിയുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് നന്ദി പ്രകടനമെന്നും ശ്രദ്ധേയമാണ്. പ്രൊഫഷണല്‍ കരിയറുമായി മുന്നോട്ടുപോകുമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുള്ള അവരുടെ ആവശ്യം താന്‍ തള്ളിയെന്നും രാജിക്കത്ത് പങ്കുവെച്ച് അനില്‍ പറഞ്ഞു.
മോദിക്കെതിരായ ഡോക്യുമെന്ററി പ്രദര്‍ശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന അനിലിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടി നിലപാടിനെതിരായ പ്രതികരിച്ച അനിലിനെ വിമര്‍ശിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അനില്‍ രാജിപ്രഖ്യാപിച്ചത്.
Content Highlights: anik k Antony criticize congress leadership, BBC documentary controversy, Narendra Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..