Photo: ANI
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെക്കില്ലെന്ന് എന്‍.സി.പി. അന്വേഷണത്തില്‍ കുറ്റം തെളിയിക്കപ്പെടാതെ അനില്‍ ദേശ്മുഖ് രാജിവെക്കില്ലെന്ന് എന്‍.സി.പി നേതാവും മന്ത്രിയുമായ ജയന്ദ് പാട്ടീല്‍ പറഞ്ഞു.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ സന്ദര്‍ശിച്ച ശേഷമാണ് ജയന്ദ് പാട്ടീല്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ശരദ് പവാര്‍ ഉള്‍പ്പടെയുള്ളവര്‍ അനില്‍ ദേശ്മുഖിനെ തള്ളിപ്പറഞ്ഞിരുന്നു. രാജി സംബന്ധിച്ച തീരുമാനം ശരദ് പവാര്‍ മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. ഇതേ തുടര്‍ന്ന് അനില്‍ ദേശ്മുഖ് രാജി വച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് എന്‍.സി.പി നിലപാട് വ്യക്തമാക്കിയത്.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആളുകളെല്ലാം ശിക്ഷിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ജയന്ത് പാട്ടീല്‍ വിശദീകരിച്ചു.
മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിങ്ങാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ വന്‍ അഴിമതിയാരോപണം ഉന്നയിച്ചത്. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്കാന് പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീര്‍ സിങ് ആരോപിച്ചു. പൊലീസ് നടപടികളില്‍ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന് വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് ആരോപിച്ചു.
Content Highlights: Anil Deshmukh Won't Resign says NCP's Jayant Patil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..