ന്യൂഡല്‍ഹി: നാല് ആഴ്ചക്കുള്ളില്‍ എറിക്‌സണ്‍ കമ്പനിക്ക് 450 കോടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കൊള്ളാന്‍ അനില്‍ അംബാനിയോട് സുപ്രീം കോടതി. പണം നല്‍കിയില്ലെങ്കില്‍ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മാത്രമല്ല അംബാനിക്ക് പുറമെയുള്ള മറ്റ് മൂന്നുകക്ഷികള്‍ ഒരുകോടി രൂപ വീതം സുപ്രീംകോടതിയില്‍ കെട്ടിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

അനില്‍ അംബാനിക്ക് പുറമെ റിലയന്‍സ് ടെലികോം ചെയര്‍മാന്‍ സിതീഷ് സേഠ്, റിലയന്‍സ് ഇഫ്രാടെല്‍ ചെയര്‍പേഴ്‌സണ്‍ ഛായാ വിരാണി, എസ്.ബി.ഐ ചെയര്‍മാന്‍ എന്നിവരാണ് എറിക്‌സണ്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. 

അനില്‍ അംബാനിക്ക് ഗർവാണെന്നും മനപ്പൂര്‍വം കേസ് തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു. അനില്‍ അംബാനിയും മറ്റ് കക്ഷികളും ധാരണയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതായും കോടതി നിരീക്ഷിച്ചു. 

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ തങ്ങള്‍ക്ക് 550 കോടിരൂപ തരാനുണ്ടെന്ന് കാട്ടിയാണ് എറിക്സണ്‍ കോടതിയെ സമീപിച്ചത്. 1600 കോടിയായിരുന്നു അനില്‍ അംബാനി നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ പിന്നീടുണ്ടാക്കിയ ധാരണ പ്രകാരം ഇത് 550 കോടിയാക്കി ഇളവ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുമ്പ് മുഴുവന്‍ പണവും കൊടുത്തുതീര്‍ക്കാമെന്നായിരുന്നു കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റിലയന്‍സ് കമ്യൂണിക്കേഷന്‍ പണം എറിക്സണ് നല്‍കിയില്ല. ഇതേതുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. 

സ്പെക്ട്രം, ടവര്‍, കേബിള്‍ എന്നിവയുടെ വില്‍പനയുമായി ബന്ധപ്പെട്ട് റിലയന്‍സ് കമ്യൂണിക്കേഷനും റിലയന്‍സ് ജിയോയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ കരാറിലെത്താന്‍ വൈകുന്നതാണ് എറിക്‌സണ്‍ കമ്പനിക്ക് പണം നല്‍കാന്‍ സാധിക്കാതെ പോകാന്‍ കാരണമെന്നാണ് അനില്‍ അംബാനി വാദിച്ചിരുന്നത്. 

Content Highlights: Anil Ambani will go to jail if he doesn't pay Rs. 450 crore to Ericsson Says Supreme Court