ന്യൂഡൽഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് അനുകൂലമായി കോടതിയുത്തരവു തിരുത്തിയതിന് പുറത്താക്കപ്പെട്ട സുപ്രീം കോടതി ജീവനക്കാര്‍ക്ക് എതിരായ നടപടി ജസ്റ്റിസ് ബോബ്ഡെ ഇളവ് ചെയ്തു. സുപ്രീം കോടതിയിലെ കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് എതിരായ നടപടിയാണ് ഇളവ് ചെയ്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് എസ്. എ ബോബ്ഡെ  ഇവര്‍ക്ക് എതിരായ വകുപ്പ് തല നടപടിയില്‍ ഇളവ് വരുത്തിയത്. 

വഹിച്ചിരുന്ന തസ്തികയില്‍ നിന്ന് തരംതാഴ്ത്തിക്കൊണ്ട് മാനവ് ശര്‍മ്മയെ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ബോബ്ഡെ ഒപ്പ് വച്ചു. അഞ്ച് വര്‍ഷത്തേക്ക് സ്ഥാനകയറ്റം ചോദിക്കരുത് എന്ന വ്യവസ്ഥയിലാണ് മാനവ് ശര്‍മ്മയെ വീണ്ടും ജോലിയില്‍ പ്രവേശിച്ചിപ്പിരിക്കുന്നത്. തപന്‍ കുമാര്‍ ചക്രവര്‍ത്തിയുടെ പുറത്താക്കല്‍ ഉത്തരവ് നിര്‍ബന്ധിത വിരമിക്കല്‍ ആയി മാറ്റി. ഇതോടെ വിരമിക്കുമ്പോള്‍ ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് ചക്രവര്‍ത്തി അര്‍ഹനാകും.

2019 ഫെബ്രുവരി പതിമൂന്നിനാണ് അക്കാലത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ് കോര്‍ട്ട് മാസ്റ്റര്‍മാരായിരുന്ന മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. കോടതി അലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകാന്‍ അനില്‍ അംബാനിയോട് നിര്‍ദേശിക്കുന്ന ഉത്തരവ് തിരുത്തിയതിനായിരുന്നു നടപടി. തുടര്‍ന്ന് ഇരുവരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തു. എന്നാല്‍ കേസ് അന്വേഷിച്ച ഡല്‍ഹി പൊലീസിന് കാര്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ശേഷം പുറത്താക്കപെട്ട ജീവനക്കാര്‍ തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയെക്ക് നിവേദനം നല്‍കിയിരുന്നു. സുപ്രീം കോടതി ജീവനക്കാരുടെ സംഘടനയും ഇവര്‍ക്ക് എതിരായ നടപടിയില്‍ ഇളവ് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു എന്നാണ് സൂചന.  ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മനുഷ്യത്വപരമായ കാരണങ്ങളാല്‍ വകുപ്പ് തല നടപടികള്‍ ഇളവ് ചെയ്യുന്നു എന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ചീഫ് ജസ്റ്റിസ് ബോബ്ഡെ ഒപ്പ് വച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിനു പിന്നില്‍ മാനവ് ശര്‍മ്മയും തപന്‍ കുമാര്‍ ചക്രവര്‍ത്തിയും ആണെന്ന് ആരോപിച്ച് അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സ് നല്‍കിയ സത്യവാങ്മൂലം വിവാദമായിരുന്നു.

content highlights:  Anil ambani case, Sacked SC officials pardoned by Justice Bobde