ലഖ്‌നൗ: കടുവയുടെ ഉപദ്രവത്തില്‍ രോഷാകുലരായ ജനക്കൂട്ടം ട്രാക്ടര്‍ കയറ്റി അതിനെ കൊന്നു. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് വംശനാശഭീഷണി നേരിടുന്ന കടുവയെ ആളുകള്‍ കൊന്നത്. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗ്രാമവാസി ഞായറാഴ്ച മരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ കടുവയെ ആക്രമിച്ച് കൊന്നത്. പെണ്‍കടുവയാണ് ആക്രമണത്തിനിരയായത്. 

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അന്‍വി എന്ന പെണ്‍കടുവയെ മഹാരാഷ്ട്രയില്‍ ഇതേ രീതിയില്‍ കൊന്നതിന്റെ പേരിലുള്ള വിവാദത്തിനിടെയാണ് ഈ സംഭവം.

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജീവിവര്‍ഗങ്ങളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റമാണ്. 13 പേര്‍ അന്‍വിയുടെ ആക്രമണത്തിനിരയായി മരിച്ചുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന കണക്ക്. അധികൃതര്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്നാരോപിച്ചാണ് കടുവയെ നാട്ടുകാര്‍ തല്ലിക്കൊന്നത്. 

എന്നാല്‍ വനപ്രദേശത്തിനു സമീപത്തെത്തുന്ന ആള്‍ക്കാരെയാണ് കടുവകള്‍ ആക്രമിക്കുന്നതെന്നാണ് വനംവകുപ്പധികൃതര്‍ പറയുന്നത്. കടുവയെ കൊന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസധികൃതര്‍ക്ക് വനംവകുപ്പ് നിര്‍ദേശം നല്‍കി. കടുവ ജനവാസപ്രദേശത്തെത്തി കന്നുകാലികളെ ആക്രമിക്കുന്നത് പതിവാണെന്നാണ് ആളുകള്‍ പറയുന്നത്. കടുവയുടെ ശല്യത്തെ കുറിച്ച് പലപ്പോഴും പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട ശ്രദ്ധ നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തുടര്‍ച്ചയായി കടുവകള്‍ ജനങ്ങളുടെ ആക്രമണത്തിനിരയാകുന്നതിനെതിരെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചലച്ചിത്രതാരം രണ്‍ദീപ് ഹൂഡ കൊല്ലപ്പെട്ട കടുവയുടെ ചിത്രമുള്‍പ്പെടെ ആക്രമണത്തിനെതിരെ ട്വീറ്റ് ചെയ്തു. 

മനേകാ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇതിനെ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്.

കടുത്ത വംശനാശഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നതു കൊണ്ടു തന്നെ അതിന്റെ സംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.