Photo: PTI
നാസിക്: വിളയ്ക്ക് അര്‍ഹിക്കുന്ന വില ലഭിക്കാത്തതിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം അറിയിക്കാന്‍ കൃഷിയിടത്തിന് തീയിട്ട് കര്‍ഷകന്‍. മാസങ്ങളായി കൃഷി ചെയ്തുവരുന്ന വിളവെടുക്കാന്‍ പാകത്തിലായ ഉള്ളിച്ചെടികൾ കത്തിച്ചായിരുന്നു കർഷകന്റെ പ്രതിഷേധം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. യവേല താലൂക്കിലെ കര്‍ഷകനായ കൃഷ്ണ ദോങ്‌റെയാണ് തന്റെ വിളകള്‍ കത്തിച്ചുകളഞ്ഞത്.
ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് ഉള്ളിക്കൃഷി നടത്തിയത്. നാലുമാസത്തിനിടെ കൃഷിക്കായി ഇയാള്‍ ഒന്നര ലക്ഷം രൂപ നിലവില്‍ ചെലവഴിച്ചിട്ടുണ്ട്. വിപണിയില്‍ വിള എത്തിക്കാന്‍ 30,000 രൂപകൂടി ചെലവാക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ വിപണി വിലയനുസരിച്ച് തന്റെ വിളയ്ക്ക് 25,000 രൂപ മാത്രമേ ലഭ്യമാകൂ എന്നാണ് കൃഷ്ണ ദോങ്‌റെ പറയുന്നത്.
'നാലുമാസം രാവും പകലും അധ്വാനിച്ചാണ് ഞാന്‍ ഒന്നര ഏക്കറില്‍ കൃഷിയിറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയെ തുടര്‍ന്ന് വിള കത്തിച്ചുകളയാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. നിലവിലെ സംഭരണവിലയനുസരിച്ച് സ്വന്തം കൈയില്‍ നിന്ന് പണം അങ്ങോട്ട് നല്‍കേണ്ട അവസ്ഥയാണ്.'- കര്‍ഷകന്‍ പറയുന്നു.
കൃഷിയിടത്തിന് തീയിടുന്നതിന് സാക്ഷിയാവാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്ക് സ്വന്തം രക്തത്തിലെഴുതിയ കത്ത് ദോങ്‌റെ അയച്ചിരുന്നതായി ഡോങ്റെ പറയുന്നു. നിശ്ചിത താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ വിളകള്‍ സംഭരിക്കണമെന്നാണ് കര്‍ഷകന്റെ ആവശ്യം. നിലവിലെ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Angry Farmer Burns Onion Crop, Invites Eknath Shinde, Writes In Blood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..