ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ആന്ധ്രാപ്രദേശ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കിയ പട്ടിക ധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്.
പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്ന ഉത്തര്‍പ്രദേശ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ ജമ്മു കശ്മീര്‍ 21-ാം സ്ഥാനത്തും കേരളം 28-ാം സ്ഥാനത്തുമാണ്. 36-ാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും ഒടുവില്‍.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇത്തവണ മൂന്നാം സ്ഥാനത്തായി. ഇവയ്ക്ക് പിന്നാലെ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍ ഇവയാണ് - മധ്യപ്രദേശ് (നാല്), ജാര്‍ഖണ്ഡ് (അഞ്ച്), ഛത്തീസ്ഗഢ് (ആറ്), ഹിമാചല്‍ പ്രദേശ് (ഏഴ്), രാജസ്ഥാന്‍ (എട്ട്), പശ്ചിമ ബംഗാള്‍ (ഒമ്പത്), ഗുജറാത്ത് (പത്ത്). കഴിഞ്ഞ തവണ 23-ാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഇത്തവണ 12-ാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുനിന്നാണ് ഗുജറാത്ത് പത്തില്‍ എത്തിയത്. അസം 20-ാം സ്ഥാനത്തും, ഗോവ 24-ാം സ്ഥാനത്തും, ബിഹാര്‍ 26-ാം സ്ഥാനത്തുമുണ്ട്.
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ആത്മാര്‍ഥമായ ശ്രമ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ധനമന്ത്രി നിര്‍മല സിതാരാമന്‍ പറഞ്ഞു. വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം വ്യാപകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 2015 ല്‍ തയ്യാറാക്കിത്തുടങ്ങിയ പട്ടികയുടെ നാലാം പതിപ്പാണ് ഇന്ന് പുറത്തിറക്കിയിട്ടുള്ളത്. 2015 ല്‍ ഗുജറാത്ത് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു.
Content Highlights: Andhra tops ease of doing business ranking