-
അമരാവതി: ദേശീയപതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പിംഗളി വെങ്കയ്യയുടെ മകളായ ഘണ്ഡശാല സീതാമഹാലക്ഷ്മിയെ ആദരിച്ചുകൊണ്ട് സംസ്ഥാനത്തെ ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീതാമഹാലക്ഷ്മിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റ 75 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് മുഖ്യമന്ത്രി കൈമാറുകയും ചെയ്തു.
പിംഗള വെങ്കയ്യ രൂപകല്പന ചെയ്ത പതാക സ്വതന്ത്ര ഇന്ത്യയുടെ ആത്മാവിന്റെ പര്യായമായിത്തീര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതവും കര്‍മമേഖലയും ഇപ്പോഴും തിരിച്ചറിയപ്പെടാതെ കിടക്കുകയാണെന്നും കേന്ദ്രത്തിനെഴുതിയ കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
1921 ഏപ്രില്‍ ഒന്നിനാണ് പിംഗളി വെങ്കയ്യ വിജയവാഡ സന്ദര്‍ശിച്ച മഹാത്മാഗാന്ധിക്ക് ദേശീയ പതാക കൈമാറുന്നത്. മഹാത്മാഗാന്ധിക്ക് പിതാവ് ദേശീയ പതാക കൈമാറിയ ദിനം സ്മരിച്ച സീതാമഹാലക്ഷ്മി മഹാത്മാഗാന്ധിക്ക് അച്ഛന് തന്നെ പരിചയപ്പെടുത്തിക്കൊടുത്തതും ഓര്‍മിച്ചു. മുഖ്യമന്ത്രി വസതിയില്‍ സന്ദര്‍ശനം നടത്തിയതില്‍ സീതാമഹാലക്ഷ്മിയും കുടുംബവും സന്തോഷം പ്രകടിപ്പിച്ചു. പിംഗളി വെങ്കയ്യയുടെ ജീവചരിത്രം സീതാമഹാലക്ഷ്മി മുഖ്യമന്ത്രിക്ക് കൈമാറി.
സീതാമഹാലക്ഷ്മിയുടെ വസതിയില്‍ 20 മിനിട്ട് ചെലവഴിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്രം ആവിഷ്കരിച്ച വാര്ഷികാഘോഷപരിപാടിയാണ് ആസാദി കാ അമൃത്.
Content Highlights:Andhra CM visited the home of Smt. Seethamahalakshmi, daughter of Pingali Venkaiah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..