മുംബൈ: ആര്യന്‍ ഖാന് നിരോധിത ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം നിഷേധിച്ച് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യാനായി വിളിപ്പിച്ച നടി അനന്യ പാണ്ഡെ. ചോദ്യം ചെയ്യലില്‍ നടി ഇക്കാര്യങ്ങള്‍ നിഷേധിച്ചതായി എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കഞ്ചാവ് സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ അനന്യ പാണ്ഡെയില്‍നിന്ന് ഇന്ന് പ്രധാനമായും ചോദിച്ചറിയാന്‍ ശ്രമിച്ചതെന്ന് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-19 കാലഘട്ടത്തില്‍ ആര്യന് മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പര്‍ നല്‍കി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലില്‍ നിന്ന് വീണ്ടെടുത്ത ചാറ്റുകള്‍ വെളിപ്പെടുത്തുന്നുവെന്ന് എന്‍സിബി വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ അനന്യ നിഷേധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞതായും എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വാട്ട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. 

ഇതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ നടിയുടെ ലാപ്പ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍.സി.ബി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാംഘട്ട ചോദ്യംചെയ്യല്‍.

അതിനിടെ, വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്.

Content Highlights: Ananya Panday, Questioned, Denies Helping Aryan Khan Get Drugs