തിരുവനന്തപുരം: പുതിയ കേന്ദ്രമന്ത്രിസഭയില്‍ സി.വി ആനന്ദബോസ് മന്ത്രിയാകാന്‍ സാധ്യത. നരേന്ദ്ര മോദിയുടെ 2022 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ബൃഹദ് പദ്ധതിയുടെ പ്രധാന ആസൂത്രകന്‍ കൂടിയായ സി.വി ആനന്ദബോസിന്റെ പേര് പരിഗണിക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. സഹമന്ത്രിസ്ഥാനമോ സ്വതന്ത്രചുമതലയുള്ള മന്ത്രിസ്ഥാനമോ നല്‍കിയേക്കുമെന്നാണ് സൂചന.

നിലവില്‍ മോദി സര്‍ക്കാരുമായി സഹകരിച്ച് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ആനന്ദ ബോസ്. ചീഫ് സെക്രട്ടറി തസ്തികയില്‍ നിന്ന്‌ വിരമിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തിവകുപ്പിലെ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

നാലു തവണ യു.എന്നിന്റെ ഗ്ലോബല്‍ ബെസ്റ്റ് പ്രാക്ടീസ് പുരസ്‌കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷണല്‍ സ്പെഷ്യല്‍ ഹാബിറ്റാറ്റ് അവാര്‍ഡും ജവഹര്‍ലാല്‍ നെഹ്റു ഫെലോഷിപ്പും ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ 26 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ എല്ലാവര്‍ക്കും വീട് പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത് നിര്‍മിതി കേന്ദ്രയുടെ ചിലവ് കുറഞ്ഞ വീട് നിര്‍മ്മാണ പദ്ധതിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ്‌. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ പല നയരൂപീകരണങ്ങളിലും ആനന്ദ ബോസ് പങ്കാളിയായിരുന്നു.

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിമാരെ തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും അക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം  ഇടപെടാറില്ലെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

content highlights: Ananda Bose may get a berth in NDA government