ചര്‍ച്ചകള്‍ നടന്നില്ല, ഒഴിവാക്കാവുന്ന സാഹചര്യമായിരുന്നു; ആസാദ് വിഷയത്തില്‍ ഒളിയമ്പുമായി ആനന്ദ് ശര്‍മ


'ഒഴിവാക്കാമായിരുന്ന സാഹചര്യമായിരുന്നു, പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ചര്‍ച്ചകളും നടപടികളുമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല'

ആനന്ദ് ശർമ, ഗുലാം നബി ആസാദ് | Photo: PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നീക്കത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ആനന്ദ് ശര്‍മ്മ. വളരെ ഗൗരവതരമായ സംഭവമാണെന്നും കോണ്‍ഗ്രസുകാര്‍ക്ക് വിഷമമുണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാമായിരുന്ന സാഹചര്യമായിരുന്നു, പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ചര്‍ച്ചകളും നടപടികളുമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ ഉള്‍പ്പെട്ടവരായിരുന്നു ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും.

നേതൃത്വം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സാഹചര്യം എന്ന ആനന്ദ് ശര്‍മ്മയുടെ വിമര്‍ശനം ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന ഒരു സൂചനയാണ് നല്‍കുന്നത്. ജി-23 നേതാക്കളുടെ കൂട്ടായ്മയില്‍ അംഗമായ ശര്‍മ്മ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഒരു സംസ്ഥാനത്തിന്റെ മാത്രം ചുമതലക്കാരനായി ഒതുക്കുന്നതിലെ നീരസം കൂടിയായിരുന്നു ശര്‍മ്മ പ്രകടിപ്പിച്ചത്.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്രകാരം തകരുന്നതില്‍ സങ്കടവും ഒപ്പം ഭയവുമുണ്ടെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട നേതാക്കളില്‍ ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഗുലാം നബി ആസാദെന്നും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വേദനയോടെയാണ് കാണുന്നതെന്ന് രാജിക്കത്ത് ഉള്‍പ്പെടുന്ന എന്‍ഡിടിവിയിലെ വാര്‍ത്ത ട്വീറ്റ് ചെയ്ത് ഒമര്‍ അബ്ദുള്ള പറഞ്ഞത്.

അതേസമയം ഗുലാം നബി ആസാദിനെ പോലെയുള്ള ഒരു നേതാവിന്റെ ഈ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അഭിപ്രായപ്പെട്ടത്. അദ്ദേഹം ഇങ്ങനെയൊരു കത്ത് എഴുതുമെന്ന് കരുതിയിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് എല്ലാം നല്‍കി. ഇന്ന് അദ്ദേഹം അറിയപ്പെടുന്ന നേതാവായത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി കാരണമാണ്. ഇന്നത്തെ വലിയ നേതാവായി ഗുലാം നബി ആസാദ് ആയി മാറിയതിന് കാരണം ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണെന്നും ഗെഹ്‌ലോത് പറഞ്ഞു.

ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്വം തന്നെ ഗുലാം നബി ആസാദ് രാജിവെച്ചിരിക്കുന്നത്. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം അദ്ദേഹം രാജിവെച്ചിരുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്ന് ഗുലാം നബിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ വിവാദങ്ങങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാര്‍ട്ടിയുമായി കൂടുതല്‍ അകന്നത്. ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു ഗുലാംനബി ആസാദ്.

Content Highlights: anand sharma, gulam nabi azad, omar abdullah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented