മുംബൈ: ഡിജിറ്റല്‍ പണമിടപാട് ഇന്ന് സാധാരണമാണ്. നിരവധി ആളുകള്‍ ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് പണം കൈമാറുന്നുണ്ട്. ഇത്തരത്തില്‍ ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

യുപിഐ സ്‌കാനിങ് കോഡ് തലയില്‍ തൂക്കിയ ഒരു കാളയാണ് വീഡിയോയിലുള്ളത്. നേർച്ചകള്‍ സ്വീകരിക്കുന്നതിനാണ് തലയില്‍ ക്യുആർ കോഡുമായി കാള നടക്കുന്നത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. കാളയ്ക്ക് ആളുകള്‍ നേര്‍ച്ചപ്പണം നല്‍കുന്നത് ഈ കോഡ് സ്‌കാന്‍ ചെയ്താണ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന ഗംഗിരെദ്ദു എന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തരം കാളകള്‍ എല്ലാ വീടുകളിലുമെത്തുന്നത്.

ആചാരം അനുസരിച്ച് ഒരു പ്രത്യേക ഗോത്രവര്‍ഗത്തില്‍പെട്ട പുരുഷന്‍മാര്‍ അലങ്കരിച്ച കാളക്കാപ്പം വീടുകളിലെത്തി പാട്ടുപാടി വീട്ടുകാരെ രസിപ്പിക്കും. കാളയുടെ അനുഗ്രഹം സ്വീകരിച്ച് പണമോ മറ്റു വസ്തുക്കളോ ദാനം ചെയ്താല്‍ ഭാഗ്യം വന്നുചേരുമെന്നാണ് വിശ്വാസം. ദസറ, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളില്‍ ഗംഗിരെദ്ദു നടത്താറുണ്ട്.

ക്യുആർ കോഡുമായി നടക്കുന്ന കാളയുടെ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മന്റുകള്‍ വലിയ തോതില്‍ നടക്കുന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ?', എന്ന കുറിപ്പോടെയാണ ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചത്. 

Content Highlights: Anand Mahindra shares video of street performer with bull accepting UPI payment