ഗയ: മുപ്പതുവര്‍ഷം കൊണ്ട് ഒറ്റയ്ക്ക് മൂന്നുകിലോമീറ്റര്‍ നീളത്തില്‍ കനാല്‍ വെട്ടിയ കര്‍ഷകന് ട്രാക്ടര്‍ സമ്മാനിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. 

സ്വന്തം ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളമെത്തിക്കാനായി ബിഹാറിലെ ലോങ്കി ഭുയാനെന്ന കര്‍ഷകന്‍ കനാല്‍ വെട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ബിഹാറിലെ കനാല്‍ മനുഷ്യനെന്നാണ് പലരും ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. 

സംഭവം ശ്രദ്ധയില്‍ പെട്ട ആനന്ദ് മഹീന്ദ്ര 30 കൊല്ലം കൊണ്ട് ലോങ്കി തീര്‍ത്ത കനാല്‍ താജ്മഹലും പിരമിഡും പോലെ മഹത്തായൊരു സ്മാരകമാണെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. ഇദ്ദേഹത്തിന് ട്രാക്ടര്‍ നല്‍കി ആദരിക്കാന്‍ ആഗ്രഹിക്കുന്നതായും ആനന്ദ് മഹീന്ദ്ര  ട്വീറ്റ് ചെയ്തു. 

ഈ നിര്‍ദേശവുമായി മുന്നോട്ടുപോയ മഹീന്ദ്ര ജീവനക്കാര്‍ ബിഹാറിലെ മഹീന്ദ്രയുടെ ഡീലര്‍ പങ്കാളിയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്നെ ലോങ്കിക്ക് ട്രാക്ടര്‍ കൈമാറുകയായിരുന്നു. 

ലോങ്കിക്ക് ട്രാക്ടര്‍ കൈമാറുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. തന്റെ നിര്‍ദേശം വളരെ വേഗത്തില്‍ നടപ്പാക്കിയ മഹീന്ദ്ര ഫാം എക്യുപ്‌മെന്റ് സെക്ടര്‍ പ്രസിഡന്റ് ഹേമന്ദ് സിക്കയെയും സംഘാംഗങ്ങളേയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഡീലര്‍ പാര്‍ട്ണര്‍ക്കും തന്റെ നന്ദി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

മഴക്കാലത്ത് കുന്നുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം മുഴുവനും നദിയിലേയ്ക്ക്‌ ഒഴുകി പോകുന്നത് ശ്രദ്ധിക്കാനിടയായതിനെ തുടര്‍ന്നാണ് ചാല്‍ നിര്‍മിക്കാനുള്ള ആശയം ലോങ്കിയ്ക്കുണ്ടായത്. മറ്റു ഗ്രാമവാസികള്‍ ജോലി തേടി നഗരങ്ങളിലേക്ക് പോകാനാരംഭിച്ചപ്പോഴും ലോങ്കി ഗ്രാമത്തില്‍ തുടര്‍ന്നു.  കാലികളെ മേയ്ക്കാന്‍ പോകുമ്പോഴാണ് ലോങ്കി ചാല്‍ കുഴിച്ചിരുന്നത്.

മുപ്പത് കൊല്ലത്തെ അധ്വാനം പാഴായില്ല. ഗ്രാമത്തിലെ വയലുകള്‍ക്കാവശ്യമായ വെള്ളം മാത്രമല്ല മൃഗങ്ങള്‍ക്കും ദാഹമകറ്റാന്‍ ഇത് സഹായകമായി. ഗ്രാമത്തിന് മൊത്തം ഇതിന്റെപ്രയോജനം ലഭിച്ചതായി ഗ്രാമവാസികള്‍ പറയുന്നു. ലോങ്കിയുടെ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തെ കുറിച്ച് ആളുകള്‍ അറിഞ്ഞുതുടങ്ങിയതായി അധ്യാപകനായ രാംവിലാസ് സിങ് പറഞ്ഞു. 

Content Highlights: Anand Mahindra gifts a tractor to Bihar's Canal man