ചണ്ഡീഗഢ്: അമൃത്സറില്‍ ദസറ ആഘോഷത്തിനിടെ തീവണ്ടിതട്ടി 60 പേര്‍ മരിച്ച സംഭവത്തില്‍ പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗറിന് ക്ലീന്‍ചിറ്റ്. മജിസ്‌ട്രേട്ട്തല അന്വേഷണ റിപ്പോര്‍ട്ടിലാണ് ദസറ ആഘോഷത്തിലെ മുഖ്യാതിഥി ആയിരുന്ന നവ്‌ജ്യോത് കൗറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുള്ളത്. പഞ്ചാബ് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണം നടത്തിയ ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണര്‍ ബി പുരുഷാര്‍ഥ റിപ്പോര്‍ട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന് കൈമാറുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സിദ്ദുവിന്റെ വിശ്വസ്തനായ അമൃത്സറിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകന്‍ സൗരഭ് മദന്‍ മീട്ടു, അമൃത്സര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, തദ്ദേശ ഭരണകൂടം, പോലീസ്, റെയില്‍വെ അധികൃതര്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താത്തതിന്റെ പേരിലാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍. തീവണ്ടിയുടെ വേഗം കുറയ്ക്കാത്തതിനാണ് റെയില്‍വെ അധികൃതരെ കുറ്റപ്പെടുത്തിയിട്ടുള്ളത്.

ദസറയുടെ ഭാഗമായി നടന്ന 'രാവണ്‍ ദഹന്‍' ചടങ്ങ് കണ്ടുകൊണ്ട് തീവണ്ടിപ്പാളത്തില്‍ നിന്നവരാണ് അപകടതത്തില്‍പ്പെട്ടത്. ജനങ്ങളുടെ അശ്രദ്ധയാണ് അപകടത്തിന് വഴിതെളിച്ചതെന്ന് റെയില്‍വെയുടെ ചീഫ് സേഫ്റ്റി കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സിദ്ദുവിന്റെ വിശ്വസ്തനായി അറിയപ്പെടുത്ത അമൃത്സര്‍ കൗണ്‍സിലറുടെ മകനായിരുന്നു ആഘോഷത്തിന്റെ മുഖ്യസംഘാടകന്‍.

സിദ്ദുവിനും ഭാര്യയ്ക്കും ക്ലീന്‍ ചിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ശിരോമണി അകാലിദള്‍ നേതാക്കള്‍ ആരോപിച്ചു. അപകടം നടന്നതിന് തൊട്ടുപിന്നാലെ നവ്‌ജ്യോത് കൗര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞുവെന്നാണ് പ്രതിപക്ഷവും നാട്ടുകാരും ആരോപിക്കുന്നത്.

Content Highlights: Amritsar train tragedy, Sidhu's wife, clean chit