മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 കേസുകൾ വീണ്ടും ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അമരാവതി ജില്ലയിൽ ഒരാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞു.
ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡ് കേസുകൾ ഉയർന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും അടയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലയിൽ ലോക്ഡൗൺ ഏർപ്പെടുത്താനുളള തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.
രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും സംസ്ഥാന മന്ത്രി വിജയ് വഡെത്തിവാർ അറിയിച്ചിരുന്നു.
നാഗ്പുർ, അകോല, അമരാവതി, യവത്മൽ, മുംബൈ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ലോക്ഡൗണോ മറ്റെന്തിങ്കിലും നിയന്ത്രണങ്ങളോ ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇന്ന് 6971 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 921 കേസുകൾ മുംബൈയിൽ നിന്നാണ്.
Content Highlights: Covid 19: Amravati district in Maharashtra will be placed under lockdown for a week