മുംബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിഗൂഢതകളോടെ ക്രയവിക്രിയം നടത്തപ്പെടുന്ന ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനുമുണ്ടെന്ന് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും മകന്‍ അഭിഷേകിനും കൂടി കോടികളുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുവര്‍ക്കുമായി രണ്ടര വര്‍ഷം മുമ്പ് 1.6 കോടി മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിനാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂല്യം വര്‍ധിച്ച് ഏകദേശം 112 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുറത്തുവരുന്ന റിപ്പോര്‍ട്ടനുസരിച്ച് 2015-ലാണ് ബച്ചന്‍ കുടുംബം സിംഗപ്പൂര്‍ കമ്പനിയായ മെറിഡിയന്‍ ടെക്കില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനിയെ ലോങ് ഫിന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ആഴ്ച ഏറ്റെടുത്തിരുന്നു. ഇതോടെ ലോങ് ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 2500 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 

ഏറ്റെടുക്കലോടെ ബച്ചന്‍ കുടുംബത്തിന് ലോങ് ഫിനില്‍ 250,000 ഷെയറുകളാണ് ലഭിച്ചത്. തിങ്കളാഴ്ച ലോങ് ഫിനിന്റെ ഒരു ഷെയറിന് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളറാണ് മൂല്യമുണ്ടായിരുന്നത്. ഇതോടെ ബച്ചന്റെ 1.6 കോടിയുടെ നിക്ഷേപം രണ്ടര വര്‍ഷംകൊണ്ട് കുതിച്ച് 112 കോടിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ അടുത്തിടെയായി വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ഒരു ബിറ്റ്‌കോയിന് ഏതാണ്ട് 65 ലക്ഷം രൂപ ആയാലും അത്ഭുതപ്പെടാനില്ലെന്ന് 2008-ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച ഹെഡ്ജ്ഫണ്ട് മാനേജര്‍ നാസിം നിക്കോളാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.