അജയ് മിശ്ര, അമിത് ഷാ| Photo: ANI, PTI
ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. ആരോപണ വിധേയനായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര സഹമന്ത്രിയുമായ അജയ് മിശ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ലഖിംപുരിലെ കര്‍ഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച. സംഭവം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിയുടെ രാജിക്കുള്ള സാധ്യതയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ സംഭവത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു
ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അജയ് മിശ്രയുടെ ലഖിംപുര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക്, അദ്ദേഹത്തിന്റെ മകന് ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് ജീവന് നഷ്ടമായത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ച കര്‍ഷകരുടെ മേലേക്ക് ഓടിച്ചു കയറ്റിയത്.
ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് യു.പി. പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കര്‍ഷകരുടെ മരണത്തിന് കാരണായ വാഹനം തന്റെയാണെന്ന് മിശ്ര സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ താനോ മകനോ സംഭവസമയത്ത് അവിടുണ്ടായിരുന്നില്ലെന്നാണ് അവകാശപ്പെടുന്നത്.
മാസങ്ങള്‍ക്കപ്പുറം ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവം പാര്‍ട്ടിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. അതേസമയം തനിക്കുമേല്‍ രാജിക്കായി സമ്മര്‍ദ്ദമൊന്നുമില്ലെന്ന് കഴിഞ്ഞദിവസം മിശ്ര ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
content highlights: amit shah-ajay mishra meeting over lakhipur kheri issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..