ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും. 

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് തുടരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നീങ്ങി. ഡല്‍ഹിയില്‍ പ്രതിഷേധിക്കാനായി സംഘടിച്ച നിരവധി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. ബെംഗളൂരു, ചെന്നൈ, നാഗ്പുര്‍, മുംബൈ തുടങ്ങിയ മിക്ക നഗരങ്ങളിലും വ്യാഴാഴ്ച പ്രതിഷേധങ്ങള്‍ അരങ്ങേറി. സീതാറാം യെച്ചൂരി, രാമചന്ദ്ര ഗുഹ, ഡി രാജ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയാക്കി. 

Content Highlights: amit shah will chair a meeting in home ministry over citizenship amendment act protest