കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ബി.ജെ.പി.യിലേക്ക് സ്വാഗതം ചെയ്തു. പശ്ചിമബംഗാൾ പശ്ചിം മെദിനിപുരിൽ നടന്ന മെഗാറാലിയിൽ വെച്ചാണ് സുവേന്ദു അധികാരി ഉൾപ്പടെയുളള നേതാക്കളെ അമിത് ഷാ ബി.ജെ.പി.യിലേക്ക് സ്വാഗതം ചെയ്തത്.

എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ തൃണമൂൽ കോൺഗ്രസ് വിടുന്നത്. മമതാ ബാനർജിയുടെ ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവും കാരണമാണ് അത്. ദീദി ... ഇതൊരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നിങ്ങൾ ഒറ്റയ്ക്കാകും.' അമിത് ഷാ പറഞ്ഞു.

അധികാരിക്ക് പുറമേ വിവിധ പാർട്ടികളിൽ നിന്നുളള ഒമ്പത് എംഎൽഎമാർ, തൃണമൂൽ എംപിയായിരുന്ന സുനിൽ മൊണ്ടാൽ എന്നിവർ ബി.ജെ.പിയിൽ ചേർന്നു. 200 ൽ അധികം സീറ്റ് നേടി സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിലേറുമെന്ന് അമിത് ഷാ ആവർത്തിച്ചു.

'അമിത് ഷായുമായി ദീർഘകാല ബന്ധമാണ് ഉളളത്. എനിക്ക് കോവിഡ് ബാധിച്ചപ്പോൾ ഞാൻ എന്റെ ജീവിതം നൽകിയ തൃണമൂൽ കോൺഗ്രസിൽ നിന്ന് ആരും എന്നെ വിളിച്ച് അന്വേഷിച്ചില്ല, എന്നാൽ അമിത് ഷാ എന്നെ രണ്ടുതവണ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കി.' അധികാരി പറഞ്ഞു.

നവംബറിലാണ് മന്ത്രിസഭയിൽ നിന്ന് അധികാരി രാജിവെക്കുന്നത്. ഡിസംബർ 16-ന്അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചു. അധികാരി അടക്കമുളളവരുടെ കൂറുമാറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉററുനോക്കുന്നത്.

Content Highlights:Amit Shah Welcomes Trinamool Rebels