ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് അഭിനന്ദനമറിയിച്ച്  അഹമ്മദാബാദ് സ്വദേശികള്‍ എഴുതിയ  5.5 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രദര്‍ശിപ്പിച്ചു. അഹമ്മദാബാദില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ അമിത് ഷാ സംസാരിച്ച വേദിയില്‍ ഈ പോസ്റ്റ് കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്‌. സിറ്റിസണ്‍ഷിപ്പ് അമന്‍ഡ്‌മെന്റ് ആക്ട് എന്നതിന്റെ ചുരുക്കരൂപമായ സി.എ.എ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളുടെ രൂപത്തിലാണ് പോസ്റ്റ്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചത്.

പോസ്റ്റുകാര്‍ഡുകളിലേത് വെറും വാക്കുകള്‍ മാത്രമല്ലെന്നും മറിച്ച് അവ ഹൃദയത്തില്‍ നിന്നുള്ള നന്ദിപ്രകടനമാണെന്നും അമിത് ഷാ ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് പാര്‍ട്ടിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷാ നേരത്തെ പ്രതിനിധീകരിച്ചിരുന്ന നാരായണ്‍പുര നിയമസഭാ മണ്ഡലത്തിലാണ് ബിജെപി പരിപാടി സംഘടിപ്പിച്ചത്. പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്ന് ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉള്ളത്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എന്തിന് എതിര്‍ക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.

2006ലും 2009ലും ഇതേകാര്യം ആവശ്യപ്പെട്ട് അശോക് ഗെഹ്ലോത്ത് കത്തെഴുതിയിരുന്നു. നിങ്ങള്‍ ഹിന്ദുക്കളേയും സിഖുകാരെയും മാത്രം പരാമര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ ഹിന്ദു, സിഖ്, പാര്‍സി, ക്രിസ്ത്യന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തി- അമിത് ഷാ പറഞ്ഞു. പൗരത്വനിയമ ഭേദഗതിയിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് മനുഷ്യാവകാശങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിലൂടെ ഏതെങ്കിലും ഇന്ത്യന്‍ മുസ്ലീമിന് പൗരത്വം നഷ്ടമാകാന്‍ വ്യവസ്ഥയുണ്ടെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചു. 

രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍, ആദ്യത്തെ രാഷ്ട്രപതി, മഹാത്മാ ഗാന്ധി എന്നിവര്‍ പാക്‌സ്താനില്‍ നിന്ന് വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികള്‍ക്ക് മറ്റെവിടെയും പോകാന്‍ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുള്ള ബിജെപി പ്രചാരണ പരിപാടി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചുവെന്ന് ഗുജറാത്ത് ബിജെപി ഘടകം അവകാശപ്പെട്ടു. 

Content Highlights: Amit Shah unveils 5.5 lakh ‘thank you’ letters to PM Modi on CAA