അമിത് ഷാ| Photo: PTI
ന്യൂഡല്‍ഹി:മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചത്തീസ്ഗഢ് സന്ദര്‍ശിക്കും. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്മാരേയും അമിത് ഷാ സന്ദര്‍ശിക്കും.
രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും തടസ്സം നില്ക്കുന്ന ഇത്തരക്കാര്‍ക്കെതിരായ പോരാട്ടം കേന്ദ്രം തുടരുമെന്ന് അമിത് ഷാ പറഞ്ഞു. 'നമ്മുടെ സുരക്ഷാസൈനികര്‍ക്ക് അവരുടെ ജീവന് നഷ്ടപ്പെട്ടു. ഈ രക്തച്ചൊരിച്ചില്‍ പൊറുക്കാനാവുന്നതല്ല, അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കും.'
ചത്തീസ്ഗഢ് മുഖമുന്ത്രി ഭൂപേഷ് ബഘേലും അമിത് ഷായെ അനുഗമിക്കും. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്.
രാവിലെ പത്തരയോടെ ജഗ്ദല്പുരിലെത്തുന്ന അമിത് ഷാ സൈനികരോടുളള ആദരസൂചകമായി അവര്‍ക്ക് റീ്ത്ത് സമര്‍പ്പിച്ച് അന്ത്യാഞ്ജലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ഒരുമണിയോടെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാമ്പിലെത്തുന്ന അമിത് ഷാ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുമായും സിആര്‍പിഎഫ് ജവാന്മാരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിക്കും.
ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ജവാന്മാര് വീരമൃത്യുവരിച്ചെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. തട്ടിക്കൊണ്ടു പോയ ജവാന്മാരെ വധിച്ചശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കും ആയുധങ്ങളും ഷൂസും ഊരിയെടുത്താണ് മാവോവാദികള്‍ പോയത്. അഞ്ചു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ വെടിയുണ്ടയേറ്റു ചിതറിയ നിലയിലുള്ള മൃതദേഹങ്ങള്‍ സുരക്ഷാസേന ഞായറാഴ്ചയാണ് കണ്ടെത്തിയത്. കാണാതായ ഒരാളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സി.ആര്.പി.എഫ്. വൃത്തങ്ങള്‍ പറഞ്ഞു.
ഒരു വനിതയടക്കം ഒമ്പതു മാവോവാദികളും കൊല്ലപ്പെട്ടു. എന്നാല്‍, 15 മാവോവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നാണ് സി.ആര്.പി.എഫിന്റെ നിഗമനം.
22 ജവാന്മാരുടെ മരണത്തിന് ഇടയാക്കിയത് രഹസ്യാന്വേഷണ വീഴ്ചയാണെന്ന് റിപ്പോര്ട്ടുകളുണ്ടായുരുന്നു. പ്രദേശത്ത് മാവോവാദിനീക്കം നടക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ സേനയെ അറിയിച്ചിരുന്നു. എന്നാല്‍, അതെത്രത്തോളമെന്ന വിവരം ഉണ്ടായിരുന്നില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചിലിന് ഇറങ്ങിയ സുരക്ഷാസൈനികരെ കാത്ത് ആയുധധാരികളായ മാവോവാദികളുടെ വന്‍സംഘം നിലയുറപ്പിച്ചിരുന്നു.
അതേസമയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍പ്പെടുത്തിയെന്നാണ് സംശയിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യാ ടുഡേ' റിപ്പോര്‍ട്ടു ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..