ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കോവിഡ്-19 സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ചയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ബി.ജെ.പി.,കോണ്‍ഗ്രസ്,എ.എ.പി.,ബി.എസ്.പി. പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍ ഇതുവരെ 39,000 ഓളം പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 1,200ല്‍ അധികം പേര്‍ ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. കോവിഡ്-19നെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി അമിത് ഷാ ചര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തരവകുപ്പ് ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു.
ഞായറാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍,മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍,കേന്ദ്ര ആഭ്യന്തര മന്ത്രി ഹര്‍ഷവര്‍ധന്‍,ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയറുമാരും കമ്മീഷണര്‍മാരും പങ്കെടുത്ത രണ്ട് ഉന്നതതല യോഗങ്ങള്‍ അമിത് ഷാ വിളിച്ചിരുന്നു. കോവിഡ്-19 പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, ഡല്‍ഹിയില്‍ നടത്തുന്ന പരിശോധനകളുടെ എണ്ണം അടുത്ത രണ്ടുദിവസം ഇരട്ടിയാക്കുമെന്നും ക്രമേണ അത് മൂന്നിരട്ടിയാക്കുമെന്നും ഷാ പ്രഖ്യാപിച്ചിരുന്നു. കെജ്‌രിവാളുമായും അനില്‍ ബൈജാലുമായും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ ആയിരുന്നു ഷായുടെ പ്രഖ്യാപനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തയ്യാറാക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ പരിശോധനകള്‍ ആരംഭിക്കുമെന്നും കോണ്ടാക്ട് ട്രേസിങ്ങിന്റെ ഭാഗമായി ഹോട്ട്‌സ്‌പോട്ടുകളില്‍ വീടുകള്‍ തോറുമുള്ള സമഗ്ര ആരോഗ്യ സര്‍വേ നടപ്പാക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ രോഗികള്‍ക്ക് മതിയായ ബെഡ് സൗകര്യം ഇല്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍, എല്ലാ സജ്ജീകരണങ്ങളുമുള്ള 500 റെയില്‍വേ കോച്ചുകള്‍ അടിയന്തരമായി നല്‍കുമെന്നും ഷാ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം ബെഡ്ഡുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്താനും കൊറോണ വൈറസ് പരിശോധനയുടെയും ചികിത്സയുടെയും നിരക്ക് നിജപ്പെടുത്താനുമായി നീതി ആയോഗ് അംഗം വി.കെ. പോളിന്റെ അധ്യക്ഷതയില്‍ കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
content highlights: Amit shah to discuss COVID-19 situation with all political parties of Delhi on Monday