ന്യൂഡല്‍ഹി: പകര്‍പ്പവകാശ ലംഘനത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ അക്കൗണ്ടില്‍നിന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ട്വിറ്റര്‍ നീക്കം ചെയ്തു. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച ഫോട്ടോ നീക്കം ചെയ്തത്.
കോപ്പിറൈറ്റ് അവകാശമുള്ള വ്യക്തിയില്‍നിന്നുള്ള പ്രതികരണത്തെ തുടര്‍ന്ന് ചിത്രം നീക്കം ചെയ്തിരിക്കുകയാണെന്നും അക്കൗണ്ട് ഡിസ്‌പ്ലേ ചെയ്യാന്‍ സാധിക്കില്ലെന്നും അമിത് ഷായുടെ വേരിഫൈഡ് അക്കൗണ്ടിലെ ഫോട്ടോയുടെ ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ സന്ദേശം തെളിഞ്ഞു.
അല്‍പസമയത്തിന് ശേഷം ഫോട്ടോ അക്കൗണ്ടില്‍ തിരികെയെത്തി. ട്വിറ്ററിന്റെ ആഗോളനയങ്ങള്‍ക്കെതിരായതിനാലാണ് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടന്‍ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പ്രവര്‍ത്തനസജ്ജമായതായും ട്വിറ്റര്‍ വക്താവ് അറിയിച്ചു.
ഫോട്ടോയുടെ മേല്‍ ഫോട്ടോഗ്രാഫറിനാണ് യഥാര്‍ഥാവകാശം എന്നാണ് ട്വിറ്ററിന്റെ മാനദണ്ഡം. കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ബി.സി.സി.ഐയുടെ ഡിസ്‌പ്ലേ ചിത്രവും അടുത്തിടെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
Content Highlights: Amit Shah's Twitter Photo Temporarily Removed Due To Copy Right Issue