Amit Shah |Photo: PTI
ന്യൂഡല്‍ഹി: കാറിന് നേരെ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം. അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി കേന്ദ്ര സര്‍ക്കാരിന്റെ 'ഇസഡ്' കാറ്റഗറി സുരക്ഷ വാഗ്ദാനം സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഒവൈസിക്ക് ഭീഷണിയുണ്ട്. 'ഇസഡ്' കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒവൈസി നിരസിച്ചു. അദ്ദേഹമത് സ്വീകരിക്കണമെന്ന് സഭയിലെ അംഗങ്ങളുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
'രണ്ട് പേര്‍ അസദുദ്ദീന്‍ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാഹനത്തില്‍ താഴ്ഭാഗത്ത് വെടിയേറ്റ മൂന്ന് അടയാളങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് മൂന്ന് പേര്‍ ദൃസാക്ഷികളാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു', അമിത് ഷാ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പിസ്റ്റളുകള്‍ പോലീസ് കണ്ടെടുത്തതായും അമിത് ഷാ പറഞ്ഞു. ഒരു മാരുതി ആള്‍ട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്യുകയാണ്. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാനനില നിയന്ത്രണത്തിലാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
അസദുദ്ദീന്‍ ഒവൈസിയുടെ യാത്രയുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസിനെ അറിയിച്ചിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഹാപൂര്‍ ജില്ലയില്‍ ഒവൈസിക്ക് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ യാത്രാപരിപാടികളെക്കുറിച്ചുള്ള ഒരു വിവരവും പോലീസ് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നേരത്തെ അയച്ചിട്ടില്ലെന്നും ഷാ പറഞ്ഞു.
വ്യാഴാഴ്ച യു.പിയിലെ മീററ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്ന വഴി ഒവൈസിയുടെ വാഹനത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായിരുന്നു. മീററ്റിലെ കിതൗധ് മേഖലയില്‍വെച്ചായിരുന്നു ആക്രമണം നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിക്ക് സി.ആര്‍.പി.എഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഇസഡ് കാറ്റഗറി സുരക്ഷ അസദുദ്ദീന്‍ ഒവൈസി നിരസിച്ചിരുന്നു.
Content Highlights: Amit Shah's Appeal To AIMIM's Asaduddin Owaisi: "Accept Z Security"
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..