കൊല്‍ക്കത്ത: ബംഗാളില്‍ അമിത് ഷായുടെ റാലിക്ക് തുടക്കം. മേദിനിപുരില്‍ സജ്ജീകരിച്ച വേദിയില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

തൃണമൂലില്‍ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉള്‍പ്പെടെ 11 സിറ്റിങ് എംഎല്‍എമാരും ഒരു എംപിയും, മുന്‍ എംപിയും നിരവധി നിരവധി പ്രവര്‍ത്തകരും റാലിയില്‍ പങ്കുചേര്‍ന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ എംഎല്‍എമാരും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബിജെപിയില്‍ ചേര്‍ന്ന സുനില്‍ മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയാണ്. 

കഴിഞ്ഞയാഴ്ചയാണ് സുവേന്ദു അധികാരി മന്ത്രിസ്ഥാനവും തൃണമൂല്‍ പാര്‍ട്ടി അംഗത്വവും രാജിവെച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നടപടിക്ക് സ്പീക്കറുടെ അംഗീകാരം ലഭിച്ചിട്ടില്ല.  ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതില്‍ സുവേന്ദു അധികാരി അമിത് ഷായോട് നന്ദി പറഞ്ഞു. ബംഗാള്‍ സാമ്പത്തിക തകര്‍ച്ചയിലാണ് ഇന്നുള്ളത്. അത് പരിഹരിക്കപ്പെടണമെങ്കില്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ കൈകളിലേല്‍പ്പിക്കണമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് സുവേന്ദു അധികാരി പറഞ്ഞു. 

നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബംഗാള്‍ തൃണമൂലില്‍ മമത ഒറ്റയ്ക്കാവുമെന്ന് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ബംഗാളിലെ ജനങ്ങള്‍ സംസ്ഥാനം ഭരിക്കാനായി 30 വര്‍ഷം കോണ്‍ഗ്രസിനും 27 വര്‍ഷം കമ്മ്യൂണിസ്റ്റിനും പത്തു വര്‍ഷം മമതയ്ക്കും നല്‍കി. ഇനി നിങ്ങള്‍ അഞ്ച് വര്‍ഷം ബിജെപിക്ക് നല്‍കൂ, ഞങ്ങള്‍ ബംഗാളിനെ ഏറ്റവും മികച്ചതാക്കി മാറ്റും- അമിത് ഷാ റാലിയില്‍ പറഞ്ഞു. 

2021ല്‍ നടക്കാനാരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. 

 

Content Highlights: "Mamata Banerjee Will Be Left Alone": Amit Shah Welcomes Trinamool Rebels, Amit Shah Rally in West Bengal