കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കൊൽക്കത്ത: മമതാ ബാനർജി നയിക്കുന്ന സർക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും ബംഗാളിനെ ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ 'സൊണാർ ബംഗ്ലാ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു അദ്ദേഹം.
ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകും. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കും. ഉംഫുൻ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജയ് ശ്രീരാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളും പ്രസംഗത്തിനിടയിൽ അദ്ദേഹം ഉയർത്തി.
'ഇത് ബംഗാളിനെ 'സൊണാർ ബംഗ്ലാ' ആക്കാനുളള ബിജെപിയുടെ പോരാട്ടമാണ്. ഈ പോരാട്ടം ഞങ്ങളുടെ ബൂത്ത് പ്രവർത്തകരും തൃണമൂലിന്റെ സിൻഡിക്കേറ്റും തമ്മിലാണ്. മമതാ ബാനർജിയുടെ സർക്കാരിനെ നീക്കംചെയ്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നുളളതല്ല ഞങ്ങളുടെ ലക്ഷ്യം. പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളില്‍, സംസ്ഥാനത്തെ ദരിദ്രരുടെ അവസ്ഥയിൽ, സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയിൽ മാറ്റം കൊണ്ടുവരിക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം', അമിത് ഷാ പറഞ്ഞു.
Content Highlights: Amit shah promises women quota if BJP wins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..