ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ എംപിമാരില്‍ നിന്ന് പ്രതികരണം തേടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, കോവിഡ് സാഹചര്യങ്ങള്‍, മറ്റു പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ എംപിമാരുടെ പ്രതികരണം അമിത് ഷാ ആരാഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭാ പുനഃസംഘടനക്ക് സ്ഥിരീകരണം നല്‍കി കൊണ്ട് കഴിഞ്ഞ അഞ്ചു ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, മറ്റു മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരുമായി നിരന്തരം കൂടിക്കാഴ്ച നടത്തി വരികയാണ്.

ഇതിനിടയിലാണ് അമിത് ഷാ എംപിമാരുടെ പ്രതികരണം തേടിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് കൂടാതെ മറ്റു ചില സംസ്ഥാനങ്ങളിലേയും 30 ഓളം എംപിമാര്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് അമിത്ഷായുടെ വസതിയിലെത്തിയത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ചില മന്ത്രിമാരും അമിത് ഷായെ കണ്ടിരുന്നു.

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കുറഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ അവസാനിപ്പിച്ച് നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ കൂടാതെ നിലവില്‍ 21 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാരും 23 സഹമന്ത്രിമാരുമാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഭക്ഷ്യ മന്ത്രിയായിരുന്ന രാംവിലാസ് പാസ്വന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്നതടക്കം നിരവധി ഒഴിവുകള്‍ മന്ത്രിസഭയില്‍ നിലവിലുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബിജെപി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെ സഖ്യകക്ഷികള്‍ക്ക് ഇത്തവണ ഉചിതമായ പ്രധാന്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

അഴിച്ചുപണിയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെ നീണ്ട പട്ടികയുണ്ടെങ്കിലും കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ എന്നിവര്‍ പട്ടികയില്‍ മുന്‍പന്തിയിലാണ്.

മധ്യപ്രദേശില്‍ കല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിക്ക് അധികാരം പിടിച്ച് നല്‍കിയതിന് പ്രതിഫലമാകും സിന്ധ്യക്ക് ലഭിക്കുന്ന മന്ത്രിപദം. കഴിഞ്ഞ വര്‍ഷമാണ് സിന്ധ്യ അനുയായികളായ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടത്. ബിഹാറില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിയ സുശീല്‍ മോദിക്കും ഹിമന്ത ബിശ്വ ശര്‍മ്മക്കായി കസേര ഒഴിഞ്ഞു കൊടുത്ത സോനോവലിനും കേന്ദ്ര മന്ത്രിപദം നേരത്തെ വാഗ്ദ്ധാനം ചെയ്തിരുന്നു. 

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ ചില അതൃപ്തരായ നേതാക്കളെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന രീതികളോട് സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്ക് നല്‍കിയിരുന്ന മന്ത്രിപദം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അവരുടെ ലോക്സഭാ കക്ഷി നേതാവ് പശുപതി കുമാര്‍ പരാസിന് ലഭിച്ചേക്കും. കേന്ദ്ര മന്ത്രി പദം മുന്നില്‍ കണ്ടാണ് ചിരാഗ് പാസ്വാനെ വെട്ടി പരാസ് എംപിമാരെ വരുതിയിലാക്കി ലോക്സഭാ കക്ഷിനേതാവ് പദവി നേടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കും അദ്ദേഹത്തെ മന്ത്രിയാക്കുന്നതിലാണ് താത്പര്യം.

ഉത്തര്‍പ്രദേശിലെ സഖ്യ കക്ഷിയായ അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേലിനും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അവര്‍.