ചെന്നൈ : രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വേഗത്തിലാക്കാനുള്ള ഇടപെടലുമായി ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാനുമായി അമിത് ഷാ ഇന്ന് ചെന്നൈയിലെത്തും. 

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അണ്ണാ ഡിഎംകെയോടൊത്തുള്ള സഖ്യത്തില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് ശ്രമം. എന്നാല്‍ നാല് ശതമാനത്തിനടുത്ത് മാത്രം വോട്ടുള്ള ബിജെപിയ്ക്ക് സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക വിഷമവുമാണ്. ഈ ഘട്ടത്തിലാണ് അമിത് ഷായുടെ വരവ് ശ്രദ്ധായാകര്‍ഷിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്ര രൂപീകരണം കൂടിയാണ് ഷായുടെ വരവിന്റെ ലക്ഷ്യം. ഹിന്ദു വോട്ട് ലക്ഷ്യം വെച്ചുള്ള വെട്രിവേല്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി മറ്റ് വഴികള്‍ കൂടി തേടുകയാണ് ബിജെപി. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിഞ്ഞേക്കും എന്ന് സൂചന നല്‍കിയ രജനീകാന്തിനെ അമിത് ഷാ നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ രജനി ഇതുവരെ കൂടിക്കാഴ്ചയ്ക്ക് സമ്മതം മൂളിയിട്ടില്ല. പല രംഗങ്ങളിലായി കഴിവു തെളിയിച്ച നിരവധി പ്രമുഖരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ട് ബിജെപി സമീപിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയിലെത്തുന്ന അമിത് ഷാ വൈകീട്ട് ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തി ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. അതിന് ശേഷം ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് മടങ്ങും.

"ആരോഗ്യ പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആരാധക സംഘടനാ നേതാക്കളുമായി സംസാരിച്ച് തീരുമാനം എടുക്കും", തന്റെ പാര്‍ട്ടിക്കായി കാത്തിരിക്കുന്നവര്‍ക്ക് രജനി ഒടുവില്‍ നല്‍കിയ വിശദീകരണം ഇതാണ്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് രജനീകാന്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം ഉപേക്ഷിക്കുന്നു എന്ന വിലയിരുത്തല്‍ ഈ പ്രസ്താവനയെത്തുടര്‍ന്ന് ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ഇടപെടല്‍ നടത്തുന്നത് ബിജെപിയാണ്. രജനി പാര്‍ട്ടിയുമായെത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എന്‍ഡിഎയ്ക്കെതിരായ ഭരണ വിരുദ്ധ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താം എന്ന് ബിജെപി കരുതുന്നു. പൂര്‍ണമായും ഡിഎംകെ സഖ്യത്തിലേക്ക് പോകാന്‍ സാധ്യതയുള്ള ഈ വോട്ടുകളില്‍ കുറച്ച് രജനിയും കമലും ചേര്‍ന്ന് പിടിച്ചാല്‍ ഭരണം നിലനിര്‍ത്താം എന്നാണ് ബിജെപി വിലയിരുത്തുന്നത്.

content highlights: Amit Shah may meet rajanikanth today in Chennai