മണിപ്പുരിലെത്തിയ അമിത് ഷാ മുഖ്യമന്ത്രി ബിരേൻ സിങിനൊപ്പം
ഇംഫാല്‍: കുക്കികളും മെയ്ത്തികളും തമ്മില്‍ സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ സമാധാന പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകളിലേര്‍പ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകീട്ട് മണിപ്പുരിലെത്തിയ അമിത് ഷാ ഗവര്‍ണര്‍ അനുസൂയ ഉയികെ, മുഖ്യമന്ത്രി ബിരേന്‍ സിങ്, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചകള്‍ ഇന്നും തുടരും.
കുക്കികളും മെയ്ത്തികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ചില ജില്ലകളില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കും. ഇതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കുക്കി-മിസോ-സോമി ഗ്രൂപ്പിന്റെയും വിവിധ സിവില്‍ സൊസൈറ്റികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും കൂട്ടായ്മയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
മണിപ്പുരില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന് ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിങാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നിരപരാധികളായ ഗ്രാമീണരെ സംരക്ഷിക്കുന്നതിനായി സംഘര്‍ഷം രൂക്ഷമായ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ അധികമായി വിന്യസിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിങ് സര്‍ക്കാര്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ വംശീയ ഉന്മൂലനം നടത്തിവരികയാണെന്നും ഇവര്‍ ആരോപിച്ചു.
അതേ സമയം മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികള്‍ കലാപമായി കാണേണ്ടതില്ലെന്നാണ് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ പ്രതികരിച്ചത്. 'പ്രാഥമികമായി രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇത് ഒരു ക്രമസമാധാന സാഹചര്യമാണ്, ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നു. ധാരാളം ജീവന്‍ രക്ഷിക്കുകയും ചെയ്തു' സിഡിഎസ് പറഞ്ഞു.
മണിപ്പുരില്‍ ഈ മാസം ആദ്യം ആരംഭിച്ച സംഘര്‍ഷത്തിന് അയവ് വന്നിരുന്നെങ്കിലും ഒരിടവേളയ്ക്കുശേഷം ശനിയാഴ്ചയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ചയും തുടര്‍ന്നു. വെടിവെപ്പിലും ആക്രമങ്ങളിലും ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം കൊല്ലപ്പെട്ടിരുന്നു. അമിത് ഷായുടെ സന്ദര്‍ശനത്തിനു മുന്‍പ് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും തിരച്ചില്‍ നടത്തി ആയുധങ്ങള്‍ കണ്ടെടുക്കാനുമായി സൈന്യം നടപടിയാരംഭിച്ചതിനുപിന്നാലെയായിരുന്നു സംഘര്‍ഷം വീണ്ടും ഉടലെടുത്തത്.
ഇതോടെ സംസ്ഥാനസര്‍ക്കാര്‍ കുക്കികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു. വീടുകള്‍ക്ക് തീയിടുകയും സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയുംചെയ്ത നാല്പതോളം കുക്കി തീവ്രവാദികളെ സുരക്ഷാസേന വധിച്ചതായി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: Amit Shah in Manipur-Demand for slapping of President’s Rule gains momentum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..