കൈതാള്‍ (ഹരിയാണ): റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങിയശേഷം ഫ്രാന്‍സില്‍ ആയുധപൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ വിമര്‍ശിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. തിന്മയ്ക്കുമേല്‍ നന്മ വിജയം വരിച്ചതിന്റെ പ്രതീകമായാണ് വിജയദശമി ദിനത്തില്‍ ആയുധപൂജ നടത്തുന്നതെന്ന് ഹരിയാണയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സില്‍നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷാ അഭിനന്ദിച്ചു. റഫാല്‍ വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിനിടെ പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ ആയുധപൂജ നടത്തി. അതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. വിജയദശമി ദിനത്തില്‍ ആയുധപൂജ നടത്താറില്ലേ ? വിമര്‍ശിക്കേണ്ടതും വിമര്‍ശിക്കാന്‍ പാടില്ലാത്തതും എന്തിനെയൊക്കെയാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.

രാജ്‌നാഥ് സിങ് ആയുധപൂജ നടത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സഞ്ജയ് നിരുപമും രംഗത്തെത്തിയിരുന്നു. ഇവരുടെ വിമര്‍ശത്തിനാണ് അമിത് ഷാ മറുപടി നല്‍കിയത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെയും മുത്തലാഖ് നിരോധനത്തെയും യു.എ.പി.എ നിയമ ഭേദഗതിയേയും എതിര്‍ക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Content Highlights: Amit Shah hits back at Congress for mocking Rajnath Singh's Shasthra Puja