റായ്പൂര്‍: നക്‌സല്‍വാദം വിപ്ലവത്തിനുള്ള ഉപാധിയായി കാണുന്ന കോണ്‍ഗ്രസ് ഛത്തീസ്ഗഢിന് വേണ്ടി നല്ലതൊന്നും ചെയ്യില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഛത്തീസ്ഗഢിനെ നക്‌സലുകളില്‍നിന്ന് ഏറെക്കുറെ മോചിപ്പിച്ചെന്നും സംസ്ഥാനത്തെ ഊര്‍ജോത്പാദനത്തിന്റെയും സിമന്റ് വ്യവസായത്തിന്റെയും കേന്ദ്രമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു. 

നക്‌സലുകള്‍ വിപ്ലവം ആരംഭിച്ചു കഴിഞ്ഞെന്നും ഇത് ആയുധംകൊണ്ടല്ല ചര്‍ച്ചയിലൂടെ വേണം പരിഹരിക്കാനുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബാബര്‍ പറഞ്ഞിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് അമിത് ഷാ പുതിയ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. 

നക്‌സല്‍ വാദം വിപ്ലവത്തിനുള്ള മാര്‍ഗമായി കരുതുന്നവര്‍ക്ക് ഛത്തീസ്ഗഢില്‍ ജയിക്കാനാവില്ലെന്നും ഛത്തീസ്ഗഢില്‍ വിജയം ബിജെപിക്കൊപ്പമാകുമെന്നും ഷാ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസുകാര്‍ അര്‍ബന്‍ മാവോവാദികളെ പിന്തുണയ്ക്കുയാണെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു.