ബഗല്‍കോട്ട്: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കാര്‍ഷിക നിയമങ്ങളെ വീണ്ടും പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് കാര്‍ഷിക നിയമങ്ങളും രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. കര്‍ണാടകയിലെ ബഗല്‍കോട്ടിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വാര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ലോകത്തും രാജ്യത്തെവിടെയും വില്‍ക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്ന കേണ്‍ഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. അധികാരത്തിലിരുന്ന കാലത്ത് നിങ്ങള്‍ എന്തുകൊണ്ട് 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയില്ല. പ്രധാന്‍മന്ത്രി ഫസല്‍ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോള്‍ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിച്ചു. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് പതിനായരിക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ഒമ്പത് തവണ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പത്താംവട്ട ചര്‍ച്ച ചൊവ്വാഴ്ച നടക്കും.

content highlights: Amit Shah defends farm laws in Karnataka, says they will help increase farmers' income manifold