ന്യൂഡല്‍ഹി: വേണ്ടി വന്നാല്‍ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണങ്ങള്‍ ഞങ്ങള്‍ സഹിക്കില്ല. നിങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ മിന്നാലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. 

ജമ്മു കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം മറ്റൊരു സുപ്രധാന നടപടിയായിരുന്നു. തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിര്‍ത്തിയില്‍ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു.  ഇന്ത്യയുടെ അതിര്‍ത്തികള്‍ ഭേദിക്കരുതെന്ന് ഞങ്ങള്‍ ഇതിലൂടെ സന്ദേശം നല്‍കി. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്' അമിത് ഷാ പറഞ്ഞു.

ഗോവയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഉറി ഭീകരാക്രമണത്തിന് മറുപടിയായിട്ട് 2016-ലാണ് ഇന്ത്യ പാകിസ്താനില്‍ മിന്നാലാക്രമണം നടത്തിയത്.