ന്യൂഡൽഹി: സമരം നടത്തുന്ന ഒരു വിഭാഗം കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെ കർഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതിനെത്തുടർന്നാണ് ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഇത്തരത്തിൽ തിരക്കിട്ടൊരു ചർച്ച നടക്കുന്നത്. രണ്ട് സംഘടനകൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

"എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചിട്ടുണ്ട്. അമിത് ഷാ ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഏഴ് മണിക്കാണ് ചര്‍ച്ച." ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്‌ അറിയിച്ചു. ദേശീയപാതയില്‍ പ്രതിഷേധിക്കുന്ന ചില കര്‍ഷക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ എല്ലാ സംഘടനകളും പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. 

കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ റെയില്‍ ഗതാഗതത്തെ വരെ തടസ്സപ്പെടുത്തി കര്‍ഷക പ്രക്ഷോഭം ശക്തി പ്രാപിച്ചിരുന്നു. ദേശീയ പാതയോരങ്ങളിലും പ്രതിഷേധം ശക്തമാണ്.

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലാണ്.  എംപിയും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റെ സെക്രട്ടറിയുമായ കെ. കെ. രാഗേഷ് , അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി കൃഷ്ണ പ്രസാദ് എന്നിവര്‍ ബിലാസ്പുരില്‍ അറസ്റ്റിലായി. ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്. അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാതെ കര്‍ഷക പ്രക്ഷോഭം അതിശക്തമായി തന്നെ മുന്നേറുന്നതിനിടയിലാണ് അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. വലിയ തോതിലുള്ള പ്രതിഷേധ പരിപാടിയിലേക്കു നീങ്ങവെയാണ് പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും വീട്ടുതങ്കലിലാണ്.

 Read More : കർഷക സമരം അടിച്ചമർത്താൻ സർക്കാർ; ഇടതു നേതാക്കള്‍ അറസ്റ്റില്‍; ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

content highlights: Amit Shah Calls Farmers For Talks