കൊൽക്കത്ത: ബംഗാളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കാൻ മമത സർക്കാർ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ജനങ്ങൾക്ക് മമത സർക്കാരിനോട് കടുത്ത അമർഷമാണെന്നും അമിത് ഷാ വിമർശിച്ചു.
രണ്ട് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ അമിത് ഷാ ആദിവാസി മേഖലയായ ബൻകുറയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മമത സർക്കാരിനെതിരേ കടുത്ത വിമർശനം ഉന്നയിച്ചത്.
എൺപതിലധികം കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ബംഗാളിലെ പാവപ്പെട്ട ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. ബംഗാളിലെ ജനങ്ങളുടെ കണ്ണുകളിൽ ഒരു മാറ്റത്തിനായുള്ള പ്രതീക്ഷ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ മാത്രമേ ഈ മാറ്റം സാധ്യമാവുകയുള്ളുവെന്നും അമിത് ഷാ വ്യക്തമാക്കി.
ആദിവാസി മേഖലകളിലുള്ളവർക്ക് വീടുകൾ നിർമിക്കാനായി അനുവദിച്ച പണം അവരിലേക്ക് എത്തുന്നില്ല. കർഷകർക്കുള്ള 6,000 രൂപയുടെ കേന്ദ്രസഹായം അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെടുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ബംഗാളിൽ അടുത്ത തവണ ഭരണം പിടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
content highlights:Amit Shah attacks Mamata gotv, says TMC not letting poor benefit from 80 central schemes