ന്യൂഡല്‍ഹി: ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയേയും സംസ്ഥാന നേതാക്കളേയും അഭിനന്ദിച്ച് ആഭ്യന്തര അമിത് ഷാ. തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബിജെപിക്ക് വിജയിക്കാനായി. 44 സീറ്റുകളില്‍ മാത്രം ജയിച്ച് കോണ്‍ഗ്രസ് തകര്‍ന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ആറിലും തൂത്തുവാരിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.

'ഗുജറാത്ത് വീണ്ടും ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. മോദി ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'വികാസ് യാത്ര' ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങള്‍ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ്' അമിത് ഷാ പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളില്‍ പലതരം തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഇതിന് ശേഷമുള്ള വോട്ടെടുപ്പ് ഫലങ്ങള്‍ ഈ തെറ്റിദ്ധാരണകളെ തകര്‍ക്കുന്നു. ലഡാക്ക് മുതല്‍ ഹൈദരാബാദും ഗുജറാത്തും വരെ ഇത് പ്രതിഫലിക്കുന്നു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ പല സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമായി.പലയിടത്തും മൂന്നും നാലും സ്ഥാനങ്ങളിലായി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആത്മ പരിശോധന നടത്താന്‍ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: amit shah about bjp gujrat election win