ന്യൂഡൽഹി: മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഉപദേശകനായി നിയമിച്ചു. രണ്ട് വർഷത്തെ കാലാവധിയിലാണ് നിയമനം.

ബിഹാർ - ജാർഖണ്ഡ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഓഫീസറാണ് ഖരെ. 2019ലാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി ചാർജ് ഏറ്റെടുത്തത്. സെപ്റ്റംബർ 30ലാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത്.

അമിത് ഖരെ വിദ്യാഭ്യാസ സെക്രട്ടറിയായിക്കുമ്പോഴാണ് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകിയത്. 2020 ജൂലായ് 29നായിരുന്നു എൻഇപി - 2020 കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയിൽ വാഗ്ദാനമായിരുന്നു പുതിയ വിദ്യാഭ്യാസനയം എന്നത്.

പ്രധാനമന്ത്രിയുടെ മുൻ ക്യാബിനറ്റ് സെക്രട്ടറി പികെ സിൻഹ, മുൻ സെക്രട്ടറി അമർജിത് സിൻഹ എന്നിവർ ഈ വർഷത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശകസ്ഥാനം രാജിവെച്ചിരുന്നു. ക്യാബിനറ്റ് സെക്രട്ടറിയായി നാല് വർഷം സേവനം അനുഷ്ഠിച്ച സിൻഹയെ 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ അഡ്വൈസറായി നിയമിച്ചത്.

ഇവരുടെ രാജിയ്ക്ക് പിന്നാലെയാണ് അമിത് ഖരെയെ പ്രധാനമന്ത്രിയുടെ പുതിയ ഉപദേശകനായി നിയമിച്ചിരിക്കുന്നത്.

Content Highlights: Amit Khare appointed as PM Modi’s advisor