മലയോര കർഷക സമിതി തൃശൂരിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ മാതൃഭൂമി
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധ കൊടുങ്കാറ്റ് അലയടിക്കുന്നതിനിടെ വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. കടുത്ത പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക ഉത്പന്നങ്ങള്‍, സേവനങ്ങള്‍, വിപണനം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.
ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എന്‍ഡിഎ മുന്നണി വിട്ടതിന് തൊട്ടടുത്ത ദിവസമാണ് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്ര മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ഒരാഴ്ചക്ക് ശേഷമാണ് അകാലിദള്‍ മുന്നണി വിട്ടത്. ശിരോമണി അകാലിദളും പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രപതിയെ കണ്ട് ബില്ലില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
കാര്‍ഷികമേഖലയില്‍ സമഗ്ര മാറ്റവും കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനവുമാണ് ബില്ലുകളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. കേന്ദ്ര നീക്കം വന്‍കിട കമ്പനികള്‍ നേതൃത്വംനല്‍കുന്ന കരാര്‍ കൃഷിക്ക് വഴിയൊരുക്കും. കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതികസഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും, ഉത്പന്നങ്ങളുടെ വില കോര്‍പ്പറേറ്റ് കമ്പനികള്‍ നിശ്ചയിക്കും തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.
ബില്ലുകള്‍ രാജ്യസഭയില്‍ ചട്ടങ്ങള്‍ ലംങിച്ചാണ് പാസാക്കിയെടുത്തതെന്നും പ്രതിപക്ഷ ആരോപണമുണ്ട്. സര്‍ക്കാരിന് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തത് കൊണ്ട് രാജ്യസഭാ ഉപാധ്യക്ഷനെ കൂട്ടുപിടിച്ച് ശബ്ദവോട്ടിലൂടെ ബില്ലുകള്‍ നീക്കിയെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
അംഗങ്ങള്‍ ഇരിപ്പിടത്തില്‍ ഇല്ലാത്തതിനാലാണ് ശബ്ദ വോട്ടിങ് നടത്തിയതെന്നാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങിന്റേയും സര്‍ക്കാരിന്റേയും വാദം. എന്നാല്‍ ഈ സമയത്ത് അംഗങ്ങള്‍ സീറ്റുകളിലുണ്ടായിരുന്നെന്നും സര്‍ക്കാര്‍ വാദം തെറ്റാണെന്നുമാണ് രാജ്യസഭയിലെ ദൃശ്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..