ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹികാകലം പാലിക്കുക എന്നിവ ജനങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കേന്ദനിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അനാസ്ഥ പുലര്‍ത്തുന്നതാണ് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

രോഗികളുടെ എണ്ണത്തില്‍ അഞ്ച് മാസത്തോളം കുറവ് രേഖപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ജനങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം വര്‍ധിക്കാനിടയാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ സൂചിപ്പിച്ചു. രോഗവ്യാപനത്തിന്റെ നിലവിലെ സാഹചര്യവും വരാനിരിക്കുന്ന ഉത്സവാവസരങ്ങളും മുന്‍നിര്‍ത്തി ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കത്തില്‍ നിര്‍ദേശമുണ്ട്. 

2020 നവംബര്‍ 29 ന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ കണക്ക് ശനിയാഴ്ച രേഖപ്പെടുത്തിയതായി ഔദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നു. 40,953 പേര്‍ക്കാണ് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചത്തെ നിരക്കിനേക്കാള്‍ നാല് ശതമാനം കൂടുതലാണ് ശനിയാഴ്ചത്തെ പ്രതിദിന നിരക്ക്. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 20,000 രോഗികളാണ് ഈയാഴ്ച വര്‍ധിച്ചത്. 

കോവിഡ് ബാധിതരുടെ ഉയരുന്ന കണക്ക് പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്കെത്തിച്ചിരിക്കുകയാണ്. സാമൂഹികമായ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കൂടാതെ കൂടുതല്‍ വ്യാപനമുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ പോലെയുള്ള കടുത്ത നടപടികളിലേക്കും സംസ്ഥാനങ്ങള്‍ നീങ്ങുന്നുണ്ട്. 

ആഗോളതലത്തില്‍ കോവിഡ് വ്യാപനം ആരംഭിച്ച് ഒരു കൊല്ലം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി കടന്നു. 1,15,55,284 പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. 1,59,558 പേര്‍ക്ക് കോവിഡ് മൂലം ജീവഹാനി സംഭവിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍. പ്രതിദിനരോഗികളുടെ 80.63 ശതമാനത്തോളം ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ നല്‍കുന്ന സൂചന.

 

 

Content Highlights: Amid Surge In Covid Cases, Centre Writes To States On Stricter Steps