photo credit: nasaearth
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വായുമലീനീകരണത്തിന്റെ തോത് കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. തലസ്ഥാനനഗരമായ ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ വായുമലിനീകരണം കൂടുതലായുള്ള മേഖലയില്‍ ഇത് വളരെ കുറഞ്ഞതായി യുഎസ് ബഹിരാകാശഗവേഷണകേന്ദ്രമായ നാസ(NASA)പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹനിരീക്ഷണാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അന്തരീക്ഷത്തില്‍ കാണപ്പെടുന്ന എയറോസോളുകളുടെ(വായുവില്‍ തങ്ങിനില്ക്കുന്ന സൂക്ഷ്മകണികകള്‍)അളവില്‍ വന്‍തോതില്‍ കുറവ് വന്നതായാണ് സൂചന. ശ്വാസകോശം, ഹൃദയം തുടങ്ങിയ പ്രധാന ആന്തരാവയവങ്ങള്‍ക്ക് ഹാനികരമാണ് എയറോസോളുകള്‍. ശ്വസനത്തിലൂടെ ഉള്ളിലെത്തുന്ന ഈ സൂക്ഷ്മകണികകള്‍ അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നതാണ് കാരണം.
ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ 20 കൊല്ലത്തിനിടെ എയറോസോളിന്റെ അളവില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയതായി നാസയിലെ ശാസ്ത്രജ്ഞനായ പവന് ഗുപ്ത പറഞ്ഞു. ഇന്തോ-ഗംഗാ നിരപ്പില്‍ ഇങ്ങനെയൊരു കുറവ് താനിത് വരെ കണ്ടിട്ടില്ലെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യവസായശാലകള്‍ അടച്ചതും വ്യോമഗതാഗതം ഉള്‍പ്പെടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചതും അന്തരീക്ഷമലിനീകരണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു. മാര്‍ച്ച് 25 നാരംഭിച്ച ലോക്ക് ഡൗണും മാര്‍ച്ച് അവസാനം പെയ്ത മഴയും അന്തരീക്ഷത്തിലെ ഹാനികരമായ സൂക്ഷ്മകണികളില് കുറവ് വരുത്തിയതായാണ് ശാസ്ത്രനിഗമനം.
അന്തരീക്ഷനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രധാനമായും മനുഷ്യന്റെ ചെയ്തികള്‍ കാരണമാണുണ്ടാകുന്നതെന്നും ലോക്ക് ഡൗണിന് ശേഷം നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ വീണ്ടും സ്ഥിതി ഗുരുതരമാകാമെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും നാസയുടെ മോഡിസ് എയറോസോള്‍ പ്രൊഡക്ട്സിന്റെ പ്രോഗ്രാം ഹെഡായ റോബര്‍ട്ട് ലെവി ഓര്‍മിപ്പിച്ചു. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലൊരു വ്യതിയാനം കാണുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Content Highlights: Amid lockdown aerosol levels in Northern India at 20-year low says NASA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..