പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് അതിവേഗ ആശയവിനിമയത്തിനായി ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.
അതിര്‍ത്തിയിലുള്ള സൈനികരുമായി സുരക്ഷിതമായ ആശയവിനിമയം നടത്താന്‍ ചൈന സ്ഥാപിച്ച ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്ത് കണ്ടെത്തിയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ അതിവേഗത്തില്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പാങ്‌ഗോങ് തടാകത്തിന്റെ വടക്ക് ഭാഗത്തും ചൈനീസ് സൈന്യം ഇത്തരം കേബിളുകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ഇരുരാജ്യങ്ങളിലേയും സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ട്. സൈനിക-നയതന്ത്ര തലത്തില്‍ നിരവധി തവണ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ പ്രശ്‌നപരിഹാരമായിട്ടില്ല.
സുരക്ഷിതമായി ആശയവിനിമയം നടത്താനും ചിത്രങ്ങളും രേഖകളും അടക്കമുള്ളവ അയക്കാനും ഫൈബര്‍ കേബിളുകള്‍ വഴി സാധിക്കും. റോഡിയോ വഴിയുള്ള ആശയവിനിമയം ചോര്‍ത്താനാകും. എന്നാല്‍ ഓപ്ടിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയുള്ള ആശയവിനിമയം സുരക്ഷിതമാണ്. ഇന്ത്യന്‍ സൈനികര്‍ റോഡിയോ സംവിധാനം വഴിയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ഇത് എന്‍ക്രിപ്റ്റ് ചെയ്ത രീതിയിലാണെന്നും ഒരു മുന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
content highlights: Amid de-escalation talks, China lays cables at Ladakh flashpoint for high-speed communications
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..