ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ടെലിഫോണിണില്‍ സംസാരിച്ചത്. പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി കോവിഡ് -19 സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 

കോവിഡ് സാഹചര്യത്തെക്കുറിച്ചം വാക്‌സിനേഷനെക്കുറിച്ചും പ്രധാനമന്ത്രി മോദിയുമായി വിശദമായ ചര്‍ച്ച നടത്തിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ പറഞ്ഞു. കിടക്കകളുടെ ലഭ്യത, ഓക്‌സിജന്‍ വിതരണം, സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്, മെച്ചപ്പെട്ട ചികിത്സ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചു. വാക്‌സിന്‍ പാഴാക്കല്‍ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും ആദിത്യനാഥിന്റെ ഓഫീസ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 

സംസ്ഥാനത്ത് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോസിറ്റിവിറ്റി നിരക്ക് ക്രമമായി കുറയുന്നുണ്ടെന്നും സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ അധിക ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിനുകള്‍ നല്‍കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Amid alarming rise in COVID cases, PM Modi dials CMs of 4 states to review situation