ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിര്‍ണായക നിലപാടുമായി അമിക്കസ്‌ക്യൂറി. ശബരിമലയില്‍ നിലവിലുള്ള എല്ലാം നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നാണ് അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശം. 

ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ല. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്. 

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടായത് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്നും അമിക്കസ്‌ക്യൂറി അഭിപ്രായപ്പെട്ടു. 

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ്‌ക്യൂറിയായ കെ. രാമമൂര്‍ത്തി തന്റെ നിലപാട് അറിയിച്ചത്.