ന്യൂഡൽഹി: രാജ്യത്ത് എകെ - 203 തോക്കുകളുടെ നിർമ്മാണത്തിനായി ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് 5000 കോടിയുടെ പദ്ധതിയ്ക്ക് ധാരണയായത്. കലാഷ്നികോവിന്റെ എകെ 203 തോക്കുകളായിരിക്കും ഉത്തർപ്രദേശിലെ അമേത്തി ജില്ലയിൽ നിർമ്മിക്കുക. 10 വർഷത്തിനുള്ളിൽ 6 ലക്ഷം എകെ - 203 തോക്കുകളായിരിക്കും അമേത്തിയിൽ നിർമ്മിക്കുക. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിലാണ് ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കരാർ പ്രകാരം 6,01427 എകെ -203 തോക്കുകളായിരിക്കും പുതിയ ഫാക്ടറിയിൽ നിർമ്മിക്കുക. സാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായി 70,000 തോക്കുകളിൽ റഷ്യൻ നിർമിത ഘടകങ്ങൾ ഉപയോഗിക്കും. 

ഇന്ത്യൻ കരസേനയ്ക്ക് വേണ്ടിയാണ് തോക്ക് നിർമാണം. എകെ-47തോക്കിന്റെ മറ്റൊരു പതിപ്പാണ് കലാഷ്നികോവിന്റെ എകെ - 203. നിലവിൽ കരസേനാംഗങ്ങളുടെ കൈയിലുള്ള ഇൻസാസ് തോക്കുകൾക്ക് പകരമായിട്ടായിരിക്കും എകെ-203 നൽകുക. ഇതിനോടൊപ്പം തന്നെ ഇന്ത്യൻ എയർ ഫോഴ്സിന്റെ 2,236 കോടിയുടെ പദ്ധതിയാ ജിഎസ്എടി - 7സി ഉപഗ്രഹം വിക്ഷേപിക്കുന്നതിനായി പ്രാരംഭാനുമതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Amethi set to make AK203 Kalashnikov assault rifles as India-Russia ink pact