മുംബൈ: അമേരിക്കയില്‍ ട്രംപിന്റെ പരാജയത്തില്‍നിന്ന് ഇന്ത്യയും ചില പാഠങ്ങള്‍ പഠിക്കുന്നത് നല്ലതാണെന്ന് ശിവസേന. യു.എസിലെ തിരഞ്ഞെടുപ്പ് സാഹചര്യം ബിഹാറിലേതിന് സമാനമാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ അഭിപ്രായപ്പെട്ടു. 

അമേരിക്കയുടെ നേതൃപദവി വഹിക്കാന്‍ ട്രംപ് ഒരിക്കലും യോഗ്യനായിരുന്നില്ല. ഒരു വാഗ്ദാനം പോലും അദ്ദേഹം നടപ്പിലാക്കിയില്ല. അമേരിക്കന്‍ ജനത അവര്‍ ചെയ്ത തെറ്റ് വെറും നാല് വര്‍ഷം കൊണ്ട് തിരുത്തി. ട്രംപിന്റെ പരാജയത്തില്‍നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമെങ്കില്‍ അത് നല്ലതാവുമെന്നും സാമ്‌നയിലെ ലേഖനം പറയുന്നു. 

'കോവിഡിനെക്കാളും ഭീകരമാണ് അമേരിക്കയിലെ തൊഴിലില്ലായ്മ എന്ന ദുരിതം. ഇതിന് പരിഹാരം കാണുന്നതിന് പകാരം അസംബന്ധങ്ങള്‍ പറയുന്നതിനാണ് ട്രംപ് പ്രാധാന്യം കൊടുത്തത്'

'ബിഹാറിലും ഭരണം ഏറ്റവും മോശം നിലയിലാണുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയ്ക്ക് ഭരണം നഷ്ടമാവുകയാണ്. ഞങ്ങളൊഴികെ ഈ രാജ്യത്തും സംസ്ഥാനത്തും മറ്റൊരു ബദലില്ലെന്ന വ്യാമോഹം നേതാക്കളില്‍ നിന്ന് കളയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ശിവസേന സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. 

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. വളരെ ഊഷ്മളമായാണ് ട്രംപിനെ നാം സ്വാഗതം ചെയ്തത്. അത് മറക്കരുത്. തെറ്റായ ഒരാളുടെ കൂടെ നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരമല്ലെങ്കിലും അതാണ് ഇപ്പോഴും ഇവിടെ തുടരുന്നത് എന്നും നമസ്തേ ട്രംപ് പ്രചാരണത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ലേഖനം പറയുന്നു. 

Content Highlights: Americans Corrected Mistake, Said 'Bye-Bye'": Sena's "Namaste Trump" Dig