കാഞ്ചീപുരം: തമിഴ്‌നാട്ടിലെ തെരുവില്‍ അലഞ്ഞു നടന്ന യു.എസ് സ്വദേശിനിയെ അധികൃതര്‍ നാട്ടിലെത്തിക്കും. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിന്റെ സഹായത്തോടെയാവും യുവതിയെ അമേരിക്കയില്‍ എത്തിക്കുക. കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് തെരുവില്‍ അലഞ്ഞ യുവതിയെ പോലീസ് അഭയകേന്ദ്രത്തില്‍ എത്തിച്ചിരുന്നു.

സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ കോണ്‍സുലേറ്റ് തീരുമാനിച്ചത്. ഇന്ത്യക്കാരനായ ഭര്‍ത്താവിനൊപ്പം വെളാച്ചേരിയില്‍ താമസിച്ചിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് തന്നെ വഴിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നു കളഞ്ഞുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. തന്നെ തെരുവില്‍ നിര്‍ത്തിയ ശേഷം ഭര്‍ത്താവ് കാറില്‍ കയറി പോയെന്നും യുവതി പറയുന്നു. ഓട്ടോ ഡ്രൈവറുമായി തര്‍ക്കിച്ചു നിന്നപ്പോഴാണ് ഇവരെ പട്രോളിംഗിനെത്തിയ പോലീസ് സംഘം ശ്രദ്ധിച്ചത്.

യുവതിയെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ച് അമേരിക്കയിലേക്ക് അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുവതി നല്‍കിയ വിവരങ്ങളനുസരിച്ച് ഭര്‍ത്താവിനോട് വിവരങ്ങള്‍ തിരക്കിയെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.